മാനന്തവാടി: പുൽപ്പള്ളി അമരക്കുനി സ്വദേശിനിയായ വയോധികയുടെ മാല കവരാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മൂന്ന് പേരെയും റിമാൻഡ്ചെയ്തു. തമിഴ്നാട് ഗണപതിക്കോവിൽ തെരുവിൽ ഇന്ദുമതി (49), ഗണപതിപക്കം സ്വദേശികളായ ജാൻവി (34), സുധ (31) എന്നിവരാണ് അറസ്റ്റിലായത്.
പുൽപ്പള്ളിയിൽനിന്ന് മാനനതവാടിയിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഘം വയോധികയെ ലക്ഷ്യമിട്ടത്. സംഘത്തിലെ ഒരാൾ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി വയോധികയുമായി സൗഹൃദം സ്ഥാപിച്ചു. ബസിൽനിന്ന് ഇറങ്ങിയ ശേഷം നടക്കുന്നതിനിടെ സഹായിക്കാമെന്ന് പറഞ്ഞ് ഒപ്പം കൂടിയ സംഘം മാല കവരാൻ ശ്രമിക്കുകയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പീച്ചങ്കോട് വച്ച് മൂന്ന് സ്ത്രീകളെയും പോലീസ് പിടികൂടി. ഇവർക്കെതിരെ വിവിധ സ്ഥലങ്ങളിൽ മോഷണക്കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.